ശ്രീ ഭഗവതി ഈ ബ്ലോഗിന്‍റെ ഐശ്വര്യം

തിങ്കളാഴ്‌ച, മേയ് 02, 2011

പെരുമാളുണ്ട്...എവിടെയോ അവന്റെ മനസ്സും

ഗൃഹാതുരത്വത്തിന്റെ വേദനയും പേറി എന്റെ അഗ്രഹാരത്തിലെ ഒരു രാഥോല്സവം കൂടി കടന്നു പോയിരിക്കുന്നു.ഓര്‍മ്മകള്‍ കൂടു കൂട്ടി വേദനിപ്പിച്ചു മനസ്സിനെ.എന്റെ അഗ്രഹാരത്തിലെ അലങ്കരിക്കപ്പെട്ട വീഥികള്‍ മനസ്സില്‍ നിറഞ്ഞു.വല്ലാത്ത വീര്‍പ്പു മുട്ട്. ശ്വാസം കിട്ടാതായ ശരീരത്തെ പോലെ മനസ്സില്‍ ഒരു പേരില്ലാത്ത വേദന.അതിനു ഗൃഹാതുരത്വം എന്നാ പേര് നല്‍കി ഓമനിച്ചു ഞാന്‍.

വേനല്‍ അവധിയുടെ എല്ലാ നന്മകളും പേറി വരുന്ന രാഥോല്സവം അഥവാ തേര്.ആ പത്തു ദിവസങ്ങള്‍ ഭക്തിയുടെയും, പ്രാര്‍ത്ഥനയുടെയും,സന്തോഷത്തിന്റെയും ആണ്.അറിയാത്ത നാടുകളില്‍ നിന്ന് വന്നെത്തുന്ന ബന്ധുക്കള്‍ മഠത്തില്‍ നിറയുന്ന നേരം.ചീടയുടെയും,ലഡ്ഡുവിന്റെയും മണം ഗ്രാമത്തെ പൊതിയുന്ന കൊതിപ്പിക്കുന്ന ദിവസങ്ങള്‍.കളിക്കാന്‍ അഗ്രഹാരം നിറയെ കൂട്ടുകാര്‍.കുളിക്കാന്‍ പോകുമ്പോള്‍ നീന്തികുളിക്കാന്‍ ഒരുപാട് പേര്‍.

കളികളില്‍ തീര്‍ന്നു പോകുന്ന പകലുകള്‍,സന്ധ്യ നേരങ്ങള്‍ ആരാധനയുടെതാണ്.ദീപാരാധനയുടെ തെളിമയില്‍ പെരുമാളെ കാണുമ്പോള്‍ മനസ്സിന് കത്തുന്ന ശാന്തത.അങ്ങനെ പോകുന്നതാണ് ബാല്യത്തിലെ തേര് ദിവസങ്ങള്‍ എങ്കില്‍,കൌമാരം തരുന്നത് വേറെ കാഴ്ചകള്‍ ആണ്.എത്ര ശ്രമിച്ചാലും പാട്ടില്‍ തോല്പിക്കനക്കനകാത്ത ആ വ്യക്തി.കള്ളനും പോലീസും കളിയില്‍ എത്ര ഒളിച്ചാലും എന്നെ കണ്ടു പിടിക്കുന്നവന്‍.എന്റെ കൈകളിലെ മൈലാഞ്ചി ചുവപ്പിനെ ആരാധിച്ചവന്‍,കളിക്കിടയില്‍ വീണു മുട്ടുപൊട്ടിയ എന്റെ കരച്ചില്‍ കണ്ടു വേദനിച്ചവന്‍,ആ മുറിവില്‍ കമ്മ്യൂണിസ്റ്റ്‌ പച്ച വെച്ച് തന്ന കൊച്ചു കൂട്ടുകാരന്‍. കാലം തിരശീല നീക്കിയപ്പോള്‍ ബാല്യം കൌമാരത്തിലേക്ക് വഴിമാറി.സമൂഹത്തിലെ അലിഖിത നിയമങ്ങള്‍ ഞങ്ങളെ അകറ്റി.സൌഹൃദം എന്ന തിരിനാളം എന്റെ മനസ്സിലെപ്പോഴോ പ്രണയത്തിന്റെ അഗ്നി ആയി മാറി .

ആ ഭക്തി പൂര്‍ണ്ണമായ തേരിന്റെ സന്ധ്യകള്‍ പെരുമാളെയും അവനെയും കാണാനുള്ള ദിവസങ്ങള്‍ ആയി.

കൈകളിലെ മൈലാഞ്ചി ചുവപ്പിനെ ദൂരെ നിന്നെ അവനപ്പോള്‍ നോക്കികാണാന്‍ ആകൂ.എങ്കിലും പണ്ടത്തെ അടുപ്പത്തെക്കാള്‍ ഇന്നത്തെ ദൂരത്തിനു സുഖമുണ്ട്.അവനെ ദൂരെ കാണുമ്പോള്‍ എന്റെ മനസ്സില്‍ മഞ്ഞു വീഴും.അവനെ കാണാനായി അവന്റെ ഒരു നോട്ടത്തിനായി ഓരോ തേരിനും കാത്തിരുന്നു.ദൈവത്തിനോളം അവനെ ആരാധിച്ച നാളുകളായി എന്റെ കൌമാരത്തിലെ തേരിന്റെ ദിനങ്ങള്‍.

നഷ്ട പ്രണയത്തിന്റെ വേദനയുമേന്തി കല്യാണ തലേന്ന് കയ്യില്‍ മൈലാഞ്ചി അണിഞ്ഞപ്പോള്‍ ദൂരെ നിന്ന്നു അത് നോക്കികാണാന്‍ പോലും അവനുണ്ടായിരുന്നില്ല.ഒരു പക്ഷെ മേഘ കീറുകളില്‍ എവിടെയോ ഇരുന്നു അവനതു കണ്ടിട്ടുണ്ടാകും ...എങ്കിലും ഇപ്പോഴും അഗ്രഹാരത്തില്‍ തേരുണ്ട്.എന്റെ പെരുമാളുണ്ട്...എവിടെയോ അവന്റെ മനസ്സും