ശ്രീ ഭഗവതി ഈ ബ്ലോഗിന്‍റെ ഐശ്വര്യം

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

അങ്ങനെ അതും കളഞ്ഞു

"മാധവ്‌ ആ ഡയറി എന്തിയെ?"

"ഏത് ഡയറി ലച്ചു?"

"ഞാന്‍ കോളേജില്‍ നിനക്ക് തന്ന,എന്‍റെ കവിതകളുള്ള വലിയ ഡയറി."

"അത് എന്‍റെ കയ്യിലെങ്ങും ഇല്ല."
"മധു ഞാന്‍ അത് തന്നതാ നിന്‍റെ കയ്യില്‍."
"ഇല്ലെന്നെ."
"അപ്പൊ അത് പോയി എന്നുള്ളത് ഉറപ്പായി.പ്രണയം മൂത്തപ്പോ എന്‍റെ ഭാവന തുറന്നു കാണിക്കാന്‍ പ്രിയതമന്റെ കയ്യില്‍ കൊടുത്തത് എട്ടു വര്‍ഷത്തെ കത്തുകളും,കവിതയും, കൊച്ചു കഥകളും നിറഞ്ഞ ആ വലിയ ഡയറി.പത്തു വയസ്സ് മുതലുള്ള സാഹിത്യ രചനകള്‍ ആണേ മണ്ണില്‍ പോയത്.എന്നാലും മോശമായിപ്പോയി."
"എന്‍റെ ലച്ചു അതിപ്പോ നന്നായി,ഇല്ലെങ്കില്‍ ഈ ബ്ലോഗ്‌ വായിക്കുന്ന പാവങ്ങളെ നീ അതിലുള്ളതും എഴുതി നിറച്ചു ബോര്‍ അടിപ്പിച്ചെന്നെ,കൂടെ എന്നെയും."
പിണങ്ങി നിന്ന എനിക്ക് മാധവ്‌ ഓഫീസില്‍ പോകുമ്പോള്‍ യാത്ര പറയാന്‍ തോന്നിയില്ല.എന്‍റെ ഡയറി കളഞ്ഞില്ലേ.എനിക്ക് അന്ന് മുഴുവന്‍ സങ്കടം...
അന്ന് വൈകുന്നേരം മാധവിന്റെ കൈയ്യില്‍ ഒരു വലിയ പൊതി.എന്‍റെ ഡയറി ആണെന്ന് കരുതി നോക്കിയപ്പോള്‍ അതില്‍ പുതിയ ഒരെണ്ണം.ദേഷ്യം വന്ന ഞാന്‍ അത് അവിടെ വച്ചിട്ട് ചായ വച്ച് കൊടുത്തു.മുഖത്ത് പോലും നോക്കിയില്ല ഞാന്‍.

ചായയും കുടിച്ചു എന്‍റെ ഊഞ്ഞാലില്‍ ആടിയപ്പോള്‍ ആ ഡയറി ചുമ്മാ തുറന്നു നോക്കി.അതില്‍ ഭംഗിയില്ലാത്ത അക്ഷരങ്ങളില്‍ അവന്‍ ഇങ്ങനെ കുറിച്ചിരുന്നു.

"ഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്‍റെ കൂടെ കാണും".

അപ്പോള്‍ തോന്നിയ വികരമാകും യഥാര്‍ത്ഥത്തില്‍ പ്രണയം അല്ലെ?