വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

എന്‍റെ തറവാട്

ഹരിശ്രീ  ഗണപതയേ നമഹ:
ഇന്നു വിദ്യാരംഭം.ഒരു തുടക്കക്കാരി ബ്ലോഗ്ഗിണി ആണെങ്കിലും, ഇന്നു ഒരു പോസ്റ്റ്‌ എങ്കിലും ഇടാത്തത് ശരിയല്ലല്ലോ അത് കൊണ്ട് എന്റെ വീട്ടിനെ കുറിച്ച് പറയാം എന്ന് വച്ചു.
അച്ഛന്റെ വീട്ടില്‍ ആണ് ഞങ്ങള്‍ താമസിച്ചിരുന്നത്. പക്ഷെ വിശേഷ ദിവസങ്ങള്‍ അമ്മയുടെ തറവാട്ടില്‍ ആണ്. മരുമക്കതായം ആയിരുന്നല്ലോ പണ്ട്,തറവാട്ടില്‍ അതിപ്പോഴും തുടരുന്നു. അത് കൊണ്ട് എന്റെ കുടുംബത്തിലെ തലമുറ വാഹകര്‍ പെണ്‍കുട്ടികളാണ്. അവര്‍ക്കാണ് സര്‍വ സ്വത്തും. അത് കൊണ്ട് തന്നെ അവര്‍ക്ക് പ്രത്യേക സ്ഥാനം ആണ്. നല്ല ദിവസങ്ങളില്‍ തറവാട് വൃത്തിയാക്കി നാഗക്കാവിലും,ബ്രഹ്മ രക്ഷസ്സിനും വിളക്ക് തെളിക്കും.. പിന്നെ മുല്ലക്കലും പടി മുറ്റത്തും ദീപം വയ്ക്കും. വൈകുന്നേരം ആകുമ്പോഴേക്കും ഓരോരുത്തരായി എത്തി തുടങ്ങും. ഓരോ ഓട്ടോ വരുമ്പോളും സന്തോഷമാണ്.
തറവാട്ടില്‍ എപ്പോളും ബഹളം ആയിരിക്കും അന്നൊക്കെ .അമ്മ,അച്ഛന്‍,മുത്തശ്ശന്‍,അച്ഛമ്മ അമ്മാവന്മാര്‍,അമ്മായിമാര്‍,വലിയമ്മമാര്‍,വലിയച്ചന്മാര്‍,ചെറിയമ്മമാര്‍,ചെറിയച്ചന്മാര്‍ അവരുടെ മക്കള്‍ എല്ലാവരും എത്തും. അപ്പൊ അവരൊക്കെ ഓരോരോ സ്ഥലങ്ങളില്‍ ആയിരുന്നു എങ്കിലും എല്ലാ നല്ലതിനും ചീത്തക്കും ഒത്തു  ചേരും. ഈ  ഒത്തുചേരല്‍ മൂത്തവരെ സംബധിച്ച് ആഘോഷമായിരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ അടുക്കളയില്‍ തിരക്കിലാവും സദ്യ ഉണ്ടാക്കലും മറ്റുമായി തിരക്കില്‍. അതിനിടയില്‍ പരദൂഷണവും. നാട്ടില്‍ അല്ലാത്തവര്‍ക്ക് നാട്ടിലെ എല്ലാം അറിയണം.നാട്ടില്‍ ആരൊക്കെ കല്യാണം കഴിഞ്ഞു പോയി,പ്രസവിച്ചു,ഒളിച്ചോടി പോയി ഇതൊക്കെയാണ് ആദ്യം അറിയേണ്ടത്. നാട്ടിലുള്ളവര്‍ക്ക് നഗരത്തിലെ വിശേഷം അറിയണം.
പുരുഷന്മാര്‍ക്ക് രാവിലെ മുതല്‍ തിരക്കാണ്. നാട് ചുറ്റണം,പണിക്കാരെ ഭരിക്കണം, പിന്നെ കുറെ എന്തൊക്കെയോ. പക്ഷെ ആ വൈകുന്നെരങ്ങളൊക്കെ അവര്‍ ഞങ്ങള്‍ക്കായി ചിലവഴിക്കും. കുടുംബത്തില്‍ എല്ലാവരും ചേര്‍ന്ന് മ്യുസിക്കല്‍ ചെയര്‍,പാട്ടു മത്സരം അങ്ങനെ ഒരുപാടു സന്തോഷങ്ങള്‍. എല്ലാവരും കൂടെ ഊണ് കഴിക്കും.നിലത്തു എല്ലാവരും കൂടെ കിടന്നുറങ്ങും.
പട്ടുപാവാടയണിഞ്ഞ ചേച്ചിമാരെ ചേട്ടന്മാര്‍ കണ്ണിമയ്ക്കാതെ നോക്കും. അവര്‍  സംസാരിക്കുമ്പോള്‍ കളിയാക്കും. അവര്‍ ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയില്ലെങ്കില്‍ ചേട്ടന്മാര്‍ ഞങ്ങളെ വിട്ടു അവരെ വിളിപ്പിക്കും. ഞങ്ങളൊക്കെ കളിക്കുമ്പോള്‍ അവര്‍ ദൂരെ ഇരുന്നു സംസാരിക്കും. അത് കണ്ടു പിടിക്കുന്ന അമ്മായിമാര്‍ അവരെ ചെവിക്കു നുള്ളി കളിയാക്കും.നാണം കൊണ്ട് പട്ടു പാവാടക്കാരി ഓടി മറയും. ഇതൊക്കെയേ ഉള്ളൂ.എങ്കിലും ആ പ്രണയത്തിന്റെ തീവ്രത കണ്ടു ഞങ്ങളില്‍ ചിലരെങ്കിലും കൊതിച്ചിട്ടുണ്ട്.
തിരിച്ചു പോകേണ്ട നാള്‍ ആണ് വേദനിപ്പിക്കുന്ന നാള്‍. രഹസ്യമായി യാത്ര പറഞ്ഞും പ്രതീക്ഷകള്‍ പങ്കു വച്ചും ഞങ്ങള്‍ കുട്ടികള്‍ പിരിയും. അടുത്ത വര്ഷം കാണാം എന്നും അപ്പോള്‍ മാങ്ങാ എറിഞ്ഞു വീഴ്ത്തി തരാമെന്നും,ഇനി വരുമ്പോള്‍ മയില്‍പീലി തരാമെന്നും അങ്ങനെ ഒരുപാടു വലിയ വാഗ്ദാനങ്ങള്‍. ചേട്ടന്മാരുടെ ചെവിയില്‍ പറയാനുള്ള രഹസ്യം ഞങ്ങളോടെ പറഞ്ഞു ചേച്ചിമാരും പോകും. പിന്നെ തറവാട് പൂട്ടി ഞങ്ങളും. അപ്പോള്‍ നെഞ്ചില്‍ വിങ്ങുന്ന ഗദ്ഗദം… ഈ പോസ്റ്റ്‌ എഴുതോമ്പോഴും എനിക്കുണ്ട്. അന്നൊക്കെ അത് വലിയ വേദനയായിരുന്നു. എല്ലാവരും കെട്ടിപിടിച്ചു കരഞ്ഞും,ഉമ്മ വച്ചും,വലിയവരുടെ അനുഗ്രഹം മേടിച്ചും പിരിയും.
അങ്ങനെയിരിക്കെ പിന്നെയും ഞങ്ങള്‍ ഒത്തു കൂടി. പക്ഷെ അന്നവിടെ ആരും വിളക്കു വച്ചില്ല,ചിരിച്ചില്ല. ചങ്ങലകളും കൊണ്ട് കുറെ ആളുകള്‍ വന്നു. എന്തൊക്കെയോ നടന്നു. എല്ലാവരും തമ്മില്‍ വഴക്ക്. വഴക്ക് കൂടുന്ന ശബ്ദം മാത്രം തറവാട്ടില്‍. ആര്‍ക്കും ആരോടും ഇഷ്ടമില്ലാത്ത പോലെ എല്ലാവരും. കളിയും ചിരിയും തമാശയും ഇല്ല വീട്ടില്‍. ഞങ്ങളെ ആരെയും പരസ്പരം സംസാരിക്കാന്‍ പോലും ഞങ്ങളുടെ അച്ഛനമ്മമാര്‍ വിട്ടില്ല. പരസ്പരം സങ്കടത്തോടെ നോക്കി നില്‍ക്കാം എന്നല്ലാതെ ഞങ്ങളെന്തു ചെയ്യാന്‍.സ്വത്തു ഭാഗം വക്കല്‍ ആണത്രേ അത്. ഇത്രേം വിഷമം പിടിച്ച ഒന്നാണെങ്കില്‍ അത് വേണ്ടായിരുന്നു...
ഒരു  നാള്‍ എല്ലാരും പിരിഞ്ഞു. ആരും ആരോടും യാത്ര പറഞ്ഞില്ല,മുത്തശ്ശന്റെ അനുഗ്രഹം വാങ്ങില്ല,ആരും കരഞ്ഞില്ല,കെട്ടി പിടിച്ചുമില്ല...
 
ഒത്തുചേരലുകള്‍ കുറഞ്ഞു വന്നു. പിന്നെയെന്നോ അത് കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും മാത്രമായി. മുത്തശ്ശന്‍ കരഞ്ഞു വിളിച്ചിട്ടും അവര്‍ വന്നില്ല. മുത്തശ്ശന്‍ മരിച്ചപ്പോള്‍ പോലും ചിലര്‍ വന്നില്ല.ജോലി തിരക്കാണ് പോലും.

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ കല്യാണം ഉറച്ചു. എല്ലാവരെയും അമ്മയും അച്ഛനും അവരവരുടെ  വീട്ടില്‍ ചെന്ന് വിളിച്ചു. നീങ്ങിപോയ കണ്ണികളൊക്കെ ഒത്തു ചേര്‍ന്നു. വരാത്തവരെ ഇവര്‍ ചേര്‍ന്നു ഒറ്റപ്പെടുത്തി. സന്തോഷം വിരുന്നുവന്നു ആ പഴയ തറവാട്ടില്‍. അടഞ്ഞു കിടന്ന വാതിലുകള്‍ മലര്‍ക്കെ തുറന്നു.ബ്രഹ്മ രക്ഷസ്സിനും നാഗങ്ങള്‍ക്കും വിളക്കു തെളിച്ചു. പിരിയുന്ന നാളില്‍ എല്ലാവരും വിതുമ്പി. കാരണം അവരുടെ മാതാപിതാക്കള്‍ ആരും ജീവനോടെ ഉണ്ടായിരുന്നില്ല അനുഗ്രഹം വാങ്ങാന്‍...

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

അങ്ങനെ അതും കളഞ്ഞു

"മാധവ്‌ ആ ഡയറി എന്തിയെ?"

"ഏത് ഡയറി ലച്ചു?"

"ഞാന്‍ കോളേജില്‍ നിനക്ക് തന്ന,എന്‍റെ കവിതകളുള്ള വലിയ ഡയറി."

"അത് എന്‍റെ കയ്യിലെങ്ങും ഇല്ല."
"മധു ഞാന്‍ അത് തന്നതാ നിന്‍റെ കയ്യില്‍."
"ഇല്ലെന്നെ."
"അപ്പൊ അത് പോയി എന്നുള്ളത് ഉറപ്പായി.പ്രണയം മൂത്തപ്പോ എന്‍റെ ഭാവന തുറന്നു കാണിക്കാന്‍ പ്രിയതമന്റെ കയ്യില്‍ കൊടുത്തത് എട്ടു വര്‍ഷത്തെ കത്തുകളും,കവിതയും, കൊച്ചു കഥകളും നിറഞ്ഞ ആ വലിയ ഡയറി.പത്തു വയസ്സ് മുതലുള്ള സാഹിത്യ രചനകള്‍ ആണേ മണ്ണില്‍ പോയത്.എന്നാലും മോശമായിപ്പോയി."
"എന്‍റെ ലച്ചു അതിപ്പോ നന്നായി,ഇല്ലെങ്കില്‍ ഈ ബ്ലോഗ്‌ വായിക്കുന്ന പാവങ്ങളെ നീ അതിലുള്ളതും എഴുതി നിറച്ചു ബോര്‍ അടിപ്പിച്ചെന്നെ,കൂടെ എന്നെയും."
പിണങ്ങി നിന്ന എനിക്ക് മാധവ്‌ ഓഫീസില്‍ പോകുമ്പോള്‍ യാത്ര പറയാന്‍ തോന്നിയില്ല.എന്‍റെ ഡയറി കളഞ്ഞില്ലേ.എനിക്ക് അന്ന് മുഴുവന്‍ സങ്കടം...
അന്ന് വൈകുന്നേരം മാധവിന്റെ കൈയ്യില്‍ ഒരു വലിയ പൊതി.എന്‍റെ ഡയറി ആണെന്ന് കരുതി നോക്കിയപ്പോള്‍ അതില്‍ പുതിയ ഒരെണ്ണം.ദേഷ്യം വന്ന ഞാന്‍ അത് അവിടെ വച്ചിട്ട് ചായ വച്ച് കൊടുത്തു.മുഖത്ത് പോലും നോക്കിയില്ല ഞാന്‍.

ചായയും കുടിച്ചു എന്‍റെ ഊഞ്ഞാലില്‍ ആടിയപ്പോള്‍ ആ ഡയറി ചുമ്മാ തുറന്നു നോക്കി.അതില്‍ ഭംഗിയില്ലാത്ത അക്ഷരങ്ങളില്‍ അവന്‍ ഇങ്ങനെ കുറിച്ചിരുന്നു.

"ഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്‍റെ കൂടെ കാണും".

അപ്പോള്‍ തോന്നിയ വികരമാകും യഥാര്‍ത്ഥത്തില്‍ പ്രണയം അല്ലെ?

തിങ്കളാഴ്‌ച, മേയ് 02, 2011

പെരുമാളുണ്ട്...എവിടെയോ അവന്റെ മനസ്സും

ഗൃഹാതുരത്വത്തിന്റെ വേദനയും പേറി എന്റെ അഗ്രഹാരത്തിലെ ഒരു രാഥോല്സവം കൂടി കടന്നു പോയിരിക്കുന്നു.ഓര്‍മ്മകള്‍ കൂടു കൂട്ടി വേദനിപ്പിച്ചു മനസ്സിനെ.എന്റെ അഗ്രഹാരത്തിലെ അലങ്കരിക്കപ്പെട്ട വീഥികള്‍ മനസ്സില്‍ നിറഞ്ഞു.വല്ലാത്ത വീര്‍പ്പു മുട്ട്. ശ്വാസം കിട്ടാതായ ശരീരത്തെ പോലെ മനസ്സില്‍ ഒരു പേരില്ലാത്ത വേദന.അതിനു ഗൃഹാതുരത്വം എന്നാ പേര് നല്‍കി ഓമനിച്ചു ഞാന്‍.

വേനല്‍ അവധിയുടെ എല്ലാ നന്മകളും പേറി വരുന്ന രാഥോല്സവം അഥവാ തേര്.ആ പത്തു ദിവസങ്ങള്‍ ഭക്തിയുടെയും, പ്രാര്‍ത്ഥനയുടെയും,സന്തോഷത്തിന്റെയും ആണ്.അറിയാത്ത നാടുകളില്‍ നിന്ന് വന്നെത്തുന്ന ബന്ധുക്കള്‍ മഠത്തില്‍ നിറയുന്ന നേരം.ചീടയുടെയും,ലഡ്ഡുവിന്റെയും മണം ഗ്രാമത്തെ പൊതിയുന്ന കൊതിപ്പിക്കുന്ന ദിവസങ്ങള്‍.കളിക്കാന്‍ അഗ്രഹാരം നിറയെ കൂട്ടുകാര്‍.കുളിക്കാന്‍ പോകുമ്പോള്‍ നീന്തികുളിക്കാന്‍ ഒരുപാട് പേര്‍.

കളികളില്‍ തീര്‍ന്നു പോകുന്ന പകലുകള്‍,സന്ധ്യ നേരങ്ങള്‍ ആരാധനയുടെതാണ്.ദീപാരാധനയുടെ തെളിമയില്‍ പെരുമാളെ കാണുമ്പോള്‍ മനസ്സിന് കത്തുന്ന ശാന്തത.അങ്ങനെ പോകുന്നതാണ് ബാല്യത്തിലെ തേര് ദിവസങ്ങള്‍ എങ്കില്‍,കൌമാരം തരുന്നത് വേറെ കാഴ്ചകള്‍ ആണ്.എത്ര ശ്രമിച്ചാലും പാട്ടില്‍ തോല്പിക്കനക്കനകാത്ത ആ വ്യക്തി.കള്ളനും പോലീസും കളിയില്‍ എത്ര ഒളിച്ചാലും എന്നെ കണ്ടു പിടിക്കുന്നവന്‍.എന്റെ കൈകളിലെ മൈലാഞ്ചി ചുവപ്പിനെ ആരാധിച്ചവന്‍,കളിക്കിടയില്‍ വീണു മുട്ടുപൊട്ടിയ എന്റെ കരച്ചില്‍ കണ്ടു വേദനിച്ചവന്‍,ആ മുറിവില്‍ കമ്മ്യൂണിസ്റ്റ്‌ പച്ച വെച്ച് തന്ന കൊച്ചു കൂട്ടുകാരന്‍. കാലം തിരശീല നീക്കിയപ്പോള്‍ ബാല്യം കൌമാരത്തിലേക്ക് വഴിമാറി.സമൂഹത്തിലെ അലിഖിത നിയമങ്ങള്‍ ഞങ്ങളെ അകറ്റി.സൌഹൃദം എന്ന തിരിനാളം എന്റെ മനസ്സിലെപ്പോഴോ പ്രണയത്തിന്റെ അഗ്നി ആയി മാറി .

ആ ഭക്തി പൂര്‍ണ്ണമായ തേരിന്റെ സന്ധ്യകള്‍ പെരുമാളെയും അവനെയും കാണാനുള്ള ദിവസങ്ങള്‍ ആയി.

കൈകളിലെ മൈലാഞ്ചി ചുവപ്പിനെ ദൂരെ നിന്നെ അവനപ്പോള്‍ നോക്കികാണാന്‍ ആകൂ.എങ്കിലും പണ്ടത്തെ അടുപ്പത്തെക്കാള്‍ ഇന്നത്തെ ദൂരത്തിനു സുഖമുണ്ട്.അവനെ ദൂരെ കാണുമ്പോള്‍ എന്റെ മനസ്സില്‍ മഞ്ഞു വീഴും.അവനെ കാണാനായി അവന്റെ ഒരു നോട്ടത്തിനായി ഓരോ തേരിനും കാത്തിരുന്നു.ദൈവത്തിനോളം അവനെ ആരാധിച്ച നാളുകളായി എന്റെ കൌമാരത്തിലെ തേരിന്റെ ദിനങ്ങള്‍.

നഷ്ട പ്രണയത്തിന്റെ വേദനയുമേന്തി കല്യാണ തലേന്ന് കയ്യില്‍ മൈലാഞ്ചി അണിഞ്ഞപ്പോള്‍ ദൂരെ നിന്ന്നു അത് നോക്കികാണാന്‍ പോലും അവനുണ്ടായിരുന്നില്ല.ഒരു പക്ഷെ മേഘ കീറുകളില്‍ എവിടെയോ ഇരുന്നു അവനതു കണ്ടിട്ടുണ്ടാകും ...എങ്കിലും ഇപ്പോഴും അഗ്രഹാരത്തില്‍ തേരുണ്ട്.എന്റെ പെരുമാളുണ്ട്...എവിടെയോ അവന്റെ മനസ്സും

ചൊവ്വാഴ്ച, ഫെബ്രുവരി 01, 2011

മുത്തുമണികള്‍

ഒരു വസന്ത കാലത്ത് ഒരു വഴികാട്ടിയായി നീ എന്‍റെ കൂടെ ഉണ്ടായിരുന്നു.നിന്നെ ഞാന്‍ അപ്പോഴും സ്നേഹിച്ചിരുന്നു.സ്നേഹം എന്ന വാക്കിനുമപ്പുറത്ത്.എന്നിട്ടും നീയെന്നെ അറിഞ്ഞില്ല,എന്‍ മനം വായിച്ചില്ല.ദൂരങ്ങള്‍ മൈലുകളില്‍ വിരലുകള്‍ കൊണ്ട് അളന്നു നീ നടന്നു നീങ്ങി.ഞാന്‍ നീയില്ലാത്ത വഴികളില്‍ നടക്കാന്‍ ശീലിച്ചു.സ്നേഹം ക്ഷമയാണെന്നു മനസ്സിനെ പഠിപ്പിച്ചു. ആ ക്ഷമയുടെ അന്ത്യത്തില്‍ നീ പിന്നെയും വന്നു.അഗ്രഹാരത്തിലെ ശ്രീകോവിലിന്റെ ഉള്ളില്‍.ചുണ്ടില്‍ നിറഞ്ഞ മന്ദസ്മിതവുമായി.അപ്പോള്‍ ഞാന്‍ നിന്നെ ആരാധിച്ചു,ആരാധന എന്ന വാക്കിന്റെ അര്‍ത്ഥത്തിന്റെ വ്യാപ്തിയേക്കാളും... 

എന്നാലും നീയെന്റെ കണ്ണുനീര്‍ കണ്ടില്ല.അതോ കണ്ടില്ലെന്നു നടിച്ചോ???എന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ മുത്തുകള്‍ അന്നെന്നു നീ കളി പറഞ്ഞു.അതോ അവ നിന്റെ കണ്ണില്‍ മുത്തുമണികള്‍ ആയിരുന്നോ???നീ അവ ചേര്‍ത്ത് വച്ചു അവള്‍ക്കായി ഹാരം തീര്‍ത്തു.കണ്ണുനീരില്‍ കുതിര്‍ന്ന എന്‍റെ കണ്മഷിക്കറുപ്പ്  കൊണ്ട് നീ അവള്‍ക്കു ദൃഷ്ടി പൊട്ടു തൊട്ടു.അവളുടെ കോവിലിലെ നടകള്‍ നീ എന്‍റെ കണ്ണുനീരില്‍ കുതിര്‍ന്ന പൂക്കള്‍ കൊണ്ട്അലങ്കരിച്ചു.എന്നിട്ടും നിന്നെ ഞാന്‍ എന്തിനോ,എന്തിനെന്നറിയാതെ സ്നേഹിച്ചു.അപ്പോള്‍ ഞാന്‍ മനസ്സിനോട് പറഞ്ഞു സ്നേഹം ത്യാഗമാണ്.

കാലങ്ങള്‍ നടന്നു നീങ്ങെ അവളുടെ പ്രണയത്തിന്റെ നട അവനു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു.ആ നടക്കു കാവലായി ദുര്‍ദേവതകളെ  ആവാഹിച്ച്‌ അവരോധിച്ചു .അവള്‍ പൊട്ടിച്ചെറിഞ്ഞ ഹാരത്തിനും നടയില്‍ കരിഞ്ഞ പൂവുകള്‍ക്കും വില ??? പിന്നെ ഞാന്‍ ആ മുത്തുമണികളില്‍ പടര്‍ന്ന നിന്‍റെ രക്തം കണ്ടു .അത് കണ്ടു തേങ്ങാന്‍ പോലുമാകാതെ ഞാന്‍ ഉരുകി...അപ്പോള്‍ ഞാന്‍ മനസ്സിനോട് ചോദിച്ചു.സ്നേഹം ദുരന്തവും കൂടിയാണോ?‍ ‍

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...